September 17, 2006

നാം എന്തിനിങ്ങനെ ചെയ്യുന്നു:

(ഇതില്‍ മലയാളികളുടെ പരസ്യമായ ചില പെരുമാറ്റങ്ങളെ കുറിച്ചുള്ള തുറന്ന പരാമര്‍ശങ്ങള്‍ അടങ്ങുന്നു. സഹിക്കാന്‍ പറ്റാത്തവര്ക്ക് ഇപ്പോള്‍ തന്നെ വായന നിര്‍ത്താം)

പല സ്ഥലങ്ങളിലും എന്റെ നാട്ടുകാര്‍ (യെസ്സ് മല്ലുസ്) അവരുടെ അവരുടെ ചില പ്രത്യേകതകള്‍ കാണിക്കാറുണ്ട്.


Sh. Zayed Streetലുള്ള ഒരു 30 നില കെട്ടിടത്തില്‍, ലിഫ്റ്റിനു വേണ്ടി 22ആം നിലയിലുള്ള കാത്തു നില്‍ക്കുന്ന ചില വിദേശികള്‍. ഈ നിലയിലാണ് കിച്ചനും കോഫി ഷോപ്പും. അതിനാല്‍ നല്ല തിരക്കുള്ള നിലയാണ്.

ലിഫ്റ്റ് കാത്തു നിന്നവര്‍ ഈ ഞാനും, ഇറാനികളും, അമേരിക്കന്‍സും, അറബികളും പിന്നെ രണ്ട് സിന്ധികളും ആയിരുന്നു. അവിടെ മലയാളിയായി ഈ ഉള്ളവന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നര്‍ത്ഥം. എല്ലാവര്‍ക്കും താഴേക്കാണു് പോകേണ്ടത്. അതനുസരിച്ച് ആരോ ലിഫ്റ്റിന്റെ താഴേക്കുള്ള ബട്ടന്‍ അമര്‍ത്തി. ബട്ടണില്‍ പ്രകാശം തെളിഞ്ഞു. അതായത് "ചേട്ടന്മാരെ ചേച്ചികളെ "ലിഫ്റ്റ്" ആകുന്ന ഞാന്‍, ഇപ്പോള്‍ മുകളിലാണു്. ഉടന്‍ താഴേക്ക് വരുന്നുണ്ട്, പ്ലീസ് വെയിറ്റ്".

ഒരു മലയാളി ചേട്ടന്‍ തിടുക്കത്തില്‍ ഓടിവന്ന്, രണ്ടു ബട്ടനും അങ്ങ് അമര്‍ത്തി. അതായത്, മുകളിലേക്കുള്ളതും താഴേക്കുള്ളതും. മുകളിലേക്കുള്ള ബട്ടനും പ്രകാശിച്ചു് തുടങ്ങി. ചിലരൊക്കെ ഈ ആളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വരുന്ന ലിഫ്റ്റില്‍ നിന്നും ഇറങ്ങുന്നവര്‍ക്ക് പോകാന്‍ വഴികൊടുത്തുകൊണ്ട് എല്ലാവരും ഒരു വശത്തേക്ക് അല്പം മാറി നിന്നു. മല്ലു ചേട്ടന്‍ ലിഫ്റ്റിന്റെ മുന്നില്‍ ശിവലിംഗത്തിന്റെ മുന്നിലെന്ന പോലെ നിന്നു. മുകളിലത്തെ നിലയില്‍നിന്നും ലിഫ്റ്റ് വന്നു നിന്നു. നിറഞ്ഞ ലിഫ്റ്റിന്റെ ഉള്ളിലേക്ക് മല്ലു ചേട്ടന്‍ ഉന്തിതള്ളി കയറി. ലിഫ്റ്റിലുള്ളവര്‍ മുഖംചുളിപ്പിച്ച് അയ്യാളെ ശപിച്ചുകൊണ്ട് പുറത്തിറങ്ങി. കാത്തുനിന്നവരെല്ലാം ലിഫ്റ്റില്‍ കയറി. "ശ്രീനിവാസന്‍" സ്റ്റൈലില്‍ മല്ലു ചേട്ടന്‍ ടൈയും തലമുടിയും നന്നാക്കി.

എന്റെ മനസില്‍ ഒരു സംശയം. എന്തിനാണാവോ ഈ ആള്‍ രണ്ടു ബട്ടനും അമര്‍ത്തിയത്?

എന്റെ മനസ്സ് അറിഞ്ഞെന്നോണം ‍ എന്റെ അടുത്ത് നിന്ന ഒരു യുവതി അയാളോട് ഈ ചോദ്യം ചോദിച്ചു. "Excuse me, This lift is going down. You pressed for going up ?".
മലയാളി ചേട്ടന്‍ പതറി. "Ai yaam... Ai yaaam. the hurry.. very very hurry.. two battan pressing ante the lift come cookly"

ഇനി ഈ പറഞ്ഞ് ഭാഷയുടെ പരിഭാഷ. "ക്ഷമിക്കണം മാഡം, ഞാന്‍ വളരെ തിരക്കിലാണ്, ഞാന്‍ കരുതുന്നത്, ലിഫ്റ്റിന്റെ രണ്ടു ബട്ടനും ഒരുമിച്ച് ഞെക്കിയാല്‍ ലിഫ്റ്റ് പെട്ടന്ന് വരും എന്നാണു്, ഞങ്ങളുടെ നാട്ടില്‍ ഉള്ള 30 നില കെട്ടിടങ്ങളില്‍ അങ്ങനെയാണ്. അതിന്റെ മുകളിലേക്ക് വരുന്ന് ഇരപ്പാളികള്‍ കുറച്ച് നേരം വെരുതെ വെയിറ്റ് ചെയ്യട്ടെ. യെസ്സ് ദാറ്റ്സ് ആള്‍! മാഡത്തിന്റെ പേര്?"

മല്ലു ചേട്ടന്‍ 14 ആം നിലയിലേക്ക് അമര്‍ത്തി. ലിഫ്റ്റ് 14ആം നിലയില്‍ ഇറങ്ങി. ചേട്ടന്‍ മാത്രം ചാടി ഇറങ്ങി.

വാതില്‍ അടഞ്ഞ ശേഷം കൂട്ടത്തിലുണ്ടായിരുന്ന രണ്ടു് സിന്ധികള്‍ തമ്മില്‍ ഹിന്ദിയില്‍ പറയുന്നത് കേട്ടു. "ബില്കുല്‍ മല്ബാറി ജൈസ.." എനിക്ക് സങ്കടം വന്നു.

ഈ സീന്‍ പലപ്പോഴും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. ഇപ്പോഴാണ് ഇതുപോലെഒരു നല്ല സീനില്‍ അനുഭവിക്കാന്‍ കഴിഞ്ഞത്.

മറ്റുള്ളവര്‍ പൊതുസ്ഥലങ്ങളില്‍ സ്വാഭാവികമായി കാണിക്കുന്ന സാമാന്യ മര്യാദകള്‍ നാം മലയാളികള്‍ പലപ്പോഴും കാണിക്കാറില്ല.

സ്ത്രീകള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുക.
മറ്റുള്ളവരുടെ പുസ്തകങ്ങള്‍ തുപ്പല്‍ തൊട്ടു മറിക്കുക.
ഡോക്ടറുടെ waiting roomല്‍ ഉള്ള വാര്‍ത്താപത്രങ്ങള്‍ ചിഹ്നഭിന്നം ആക്കുക.
റെസ്റ്റാറന്റില്‍ കൈകഴുകുന്ന സ്ഥലത്ത് ശബ്ദമുണ്ടാക്കി കാര്‍ക്കിച്ച് തുപ്പുക.
പൊതുസ്ഥലങ്ങളില്‍ തുപ്പുക. (National Passtime)
സിഗ്നലില്‍ ഡ്രൈവര്‍ സൈഡ് ഡോര്‍ തുറന്ന് റോഡില്‍ തുപ്പുക.


ഇതെല്ലാ നാട്ടുകാരും ചെയുന്ന കാര്യമായിരിക്കാം, പക്ഷേ മലയാളികള്‍ ധാരാളമുള്ള ഈ നാട്ടില്‍ ഇതു കണ്ടുവരുന്നത് മലയാളികളിലാണ്.

നാം ഇനി എന്നിതെല്ലാം പഠിക്കും?

No comments:

Post a Comment

മനസിൽ തോന്നുന്ന അഭിപ്രായങ്ങൾ എഴുതുക.

©Nishad Hussain Kaippally 2011
All rights reserved. No part of this blog may be copied, transmitted, without permission.